കോഴിക്കോട് : സമസ്തയും മുസ്ലിം ലീഗും പാണക്കാട് കുടുംബവും തമ്മിലുള്ള അനൈക്യത്തിന് ഹേതുവായ വാഫി സി ഐസി പ്രശ്നത്തിൽ സമസ്തയെ തള്ളി വാഫി വഫിയ്യ പ്രചാരണ പങ്കാളിത്വം വഹിച്ചു പാണക്കാട് സാദിഖലി തങ്ങൾ. അടക്കമുള്ള കുടുംബം.
2024-25 വർഷക്കാലത്തെ സി.ഐ.സി പ്രചാരണവുമായി സാദിഖലി തങ്ങൾ വന്നതോടുകൂടി സമസ്തയുടെ പ്രവർത്തകർ കടുത്ത പ്രതിഷേധത്തിലാണ്. സമസ്തയുടെ തീരുമാനങ്ങൾക്കപ്പുറം സിഐസി വിഷയത്തിൽ താൻ നിലകൊള്ളുകയില്ലെന്ന് സാദിഖലി തങ്ങൾ സമസ്തയിലെ പലരോടും പറഞ്ഞിരുന്നുവെങ്കിലും പിന്നീടും സി.ഐ.സിയുടെ പ്രചാരണത്തിൽ സജീവമായി അദ്ദേഹം നിലകൊള്ളുന്നതാണ് കണ്ടത്. മാത്രമല്ല നിരവധി തവണ സമസ്തയുടെ നേതൃത്വം ആവശ്യപ്പെട്ടിട്ടും സി.ഐ.സിയുടെ പ്രസിഡൻറ് പദവി ഒഴിയാൻ സാദിഖലി തങ്ങൾ തയ്യാറാവാത്തതും സമസ്തയുടെ നേതാക്കൾക്കും പ്രവർത്തകർക്കും കടുത്ത വിയോജിപ്പിനിടയാക്കിയിട്ടുണ്ട്.
നിലവിൽ മുസ്ലിം ലീഗിലെ പ്രമുഖ നേതാക്കൾ ഈ പ്രശ്നം പരിഹരിക്കാനുള്ള നീക്കങ്ങൾ നടത്തി കൊണ്ടിരിക്കുന്നതിനിടയിലാണ് സാദിഖലി തങ്ങളടക്കമുള്ളവരുടെ സമസ്തയെ നേരിട്ട് വെല്ലു വിളിക്കുന്ന ഈ നീക്കം.
വാഫി വാഫിയ്യ സമസ്തയിൽ നിന്ന് അകന്നപ്പോൾ സമസ്ത ദേശീയ അടിസ്ഥാനത്തിൽ രൂപീകരിച്ച SNEC സംവിധാനത്തിന്റെ ട്രഷറർ സ്ഥാനവും വഹിക്കുന്നത് സാദിഖലി തങ്ങളാണ്.
നിലവിൽ പ്രവർത്തകരെക്കാൾ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത് നേതാക്കളാണെന്ന് പാർട്ടി അണികൾക്കിടയിൽ അടക്കം പറച്ചിൽ പതിവായി നിൽക്കുന്ന ഘട്ടത്തിലാണ് തെരഞ്ഞെടുപ്പിന്റെ ഈ മൂർദ്ധന്യത്തിൽ ലീഗ് പ്രസിഡണ്ടായ സാദിഖലി തങ്ങളുടെ സമസ്തക്ക് എതിരെയുള്ള ഈ പ്രത്യക്ഷ നീക്കമെന്നത് യുഡിഫ് നേതൃത്വം അടക്കം ആശങ്കയോടെ തന്നെ കാണുന്നുണ്ട്.
പൊന്നാനി മണ്ഡലം LDF സ്ഥാനാർത്ഥി കെ.എസ് ഹംസ സമസ്തയുടെ SNEC സ്ഥാപനം നടത്തുന്ന ആളായതുകൊണ്ടും , മുസ്ലിം ലീഗ് നേതൃത്വം സമസ്ത തള്ളിക്കളഞ്ഞ സി.ഐ.സി സംവിധാനത്തിന്റെ പ്രചാരണവുമായി മുന്നോട്ടു പോകുന്ന സാഹചര്യത്തിലും പൊന്നാനി മണ്ഡലത്തിൽ അടക്കം സമസ്ത പ്രവർത്തകരുടെ വോട്ട് എതിരാവുമെന്ന ഭയത്തിലാണ് സ്ഥാനാർത്ഥികളും മറ്റു നേതാക്കളും.
എത്രയും വേഗം സമസ്തയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കണമെന്നും, പ്രശ്നം കൂടുതൽ സങ്കീർണ്ണം ആക്കുന്ന പ്രസ്താവനകളിൽ നിന്നും പ്രവർത്തനങ്ങളിൽ നിന്നും നേതാക്കൾ വിട്ടുനിൽക്കണമെന്നും പറഞ്ഞു യൂത്ത് ലീഗ് ജില്ലാ ഗ്രൂപ്പിൽ നിന്നും പുറത്തുവന്ന തരത്തിലുള്ള ഒരു കുറിപ്പ് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഈയൊരു പശ്ചാത്തലത്തിലാണ് ഇപ്പോൾ സമസ്ത തള്ളിപ്പറഞ്ഞ സിഐസിക്കുള്ള സാദിഖലി തങ്ങളടക്കമുള്ളവരുടെ പരസ്യപിന്തുണ എന്നത് പ്രശ്നത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു.