കോഴിക്കോട്: കേരളത്തിന് പുറത്ത് ജനലക്ഷങ്ങളെ അണി നിരത്തി മഹാ സമ്മേളനം സംഘടിപ്പിച്ച് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ നടത്തിയ മുന്നേറ്റം തിരിച്ചടി ആയത് മുസ്ലിം ലീഗിന്. സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നൂറാം വാർഷിക പ്രഖ്യാപന സമ്മേളനമാണ് കർണാടകയിൽ സംഘടിപ്പിച്ചിരുന്നത്. ദക്ഷിണ കന്നട , കൊടക്, മംഗലാപുരം തുടങ്ങിയ സമസ്തയുടെ ബെൽറ്റുകളിൽ നിന്നും കേരളത്തിലെ ചുരുക്കം പ്രദേശങ്ങളിൽ നിന്നും എത്തിയ പ്രവർത്തകരെ കൊണ്ട് ബാംഗ്ലൂർ നഗരം നിറഞ്ഞിരുന്നു. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപ മുഖ്യമന്ത്രി ഡി കെ ശിവകുമാർ അടക്കമുള്ളവർ പങ്കെടുത്തു.
കർണാടക സർക്കാറിന്റെ വിശിഷ്ടാതിഥിയായിട്ട് പ്രത്യേക വാഹനത്തിൽ ആയിരുന്നു സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങൾ നഗരിയിൽ എത്തിയത്. സമസ്തയിലെ ഒരു വിഭാഗത്തെ മുന്നിൽ നിർത്തി സാദിഖലി തങ്ങളുടെ നേതൃത്വത്തിൽ നടത്തിയ ഒളിപ്പോർ യുദ്ധം ആണ് സമസ്തയും ലീഗും തമ്മിലുള്ള പ്രശ്നം രൂക്ഷമാക്കിയത്. മുൻകാലങ്ങളിൽ ലീഗും സമസ്തയും തമ്മിലുള്ള അഭിപ്രായ വ്യത്യാസമുണ്ടായിരുന്നെങ്കിലും ലീഗ് അധ്യക്ഷൻ തന്നെ ഇടവിട്ട് പ്രശ്നം പരിഹരിക്കാറായിരുന്നു പതിവ്. എന്നാൽ ലീഗ് അധ്യക്ഷൻ സാദികലി ശിഹാബ് തങ്ങൾ ആയതോടെ അവസ്ഥ മാറി. അദ്ദേഹം തന്നെ വിഭാഗീയതക്ക് നേതൃത്വം നൽകുന്നതായാണ് സമസ്ത ആരോപിക്കുന്നത്.
ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സമസ്തയുടെ നീക്കം കടുത്ത വെല്ലുവിളി ആയാണ് ലീഗ് കാണുന്നത്. സമസ്തയെ അകറ്റുന്ന നിലപാട് സ്വീകരിക്കുന്ന സാദിഖലി തങ്ങൾക്കെതിരെ ഇതിനകം തന്നെ ലീഗിൽ പടപ്പുറപ്പാട് ആരംഭിച്ചുകഴിഞ്ഞു.
കേരളത്തിന് പുറത്ത് ജനാവലി അണിനിരത്തിക്കൊണ്ട് സമ്മേളനം നടത്തിയതിലൂടെ ലീഗ് ഉണ്ടെങ്കിലേ സമസ്തക്ക് നിലനിൽപ്പുള്ളൂ എന്ന വാദത്തിനെയാണ് സമസ്ത പൊളിച്ചത്. നൂറാം വാർഷിക സമാപന സമ്മേളനവും കേരളത്തിന് പുറത്ത് നടത്താനാണ് സമസ്ത നേതൃത്വം ആലോചിക്കുന്നത്.