⏺️ സമസ്തയുമായുള്ള പ്രശ്നങ്ങളും , രാമക്ഷേത്ര വിവാദവും തിരിച്ചടിയാകും.
⏺️ലീഗിന്റെ പിടിവാശിയിൽ കോണ്‍ഗ്രസിനും അമര്‍ഷം.
സ്വന്തം ലേഖകന്‍
മലപ്പുറം: നേതൃത്വത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ലീഗിന് തിരിച്ചടിയാകുന്നു. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ മുന്‍നിര്‍ത്തി മുസ്ലിം ലീഗ് നേതാക്കളായ എം.സി മായിന്‍ ഹാജിയുടെയും അബ്ദുറഹ്‌മാന്‍ കല്ലായിയുടെയും നേതൃത്വത്തില്‍ നടക്കുന്ന നീക്കങ്ങള്‍ മുസ്ലിം ലീഗിന് തിരിച്ചടിയാകുന്നു.
പാണക്കാട് ഖാസി ഫൗണ്ടേഷന്‍ എന്ന പേരില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളില്‍ മുസ്ലിം ലീഗ് നേതൃത്വത്തിലെ പ്രമുഖര്‍ കടുത്ത അതൃപ്തി അറിയിച്ചെങ്കിലും മുഖവിലക്കെടുക്കാതെയാണ് സാദിഖലി തങ്ങൾ മുന്നോട്ട് പോകുന്നത്. സമസ്തും മുസ്ലിം ലീഗും തമ്മിലുള്ള വിഭാഗീയ പ്രവര്‍ത്തനങ്ങള് ശക്തമായി നടക്കുന്നതിനിടയില്‍ തങ്ങളുടെ ഇപ്പോഴത്തെ നീക്കം തെരഞ്ഞെടുപ്പിനെപോലും ബാധിക്കുമെന്ന ആശങ്ക ലീഗ് നേതാക്കള്‍ സാദിഖലി തങ്ങളെ അറിയിച്ചെങ്കിലും മുഖവിലക്കെടുത്തില്ല.
സമസ്തുടെ ശക്തിദുര്‍ഘമായ മഹല്ലുകളെ അസ്ഥിരപ്പെടുത്തുന്ന നീക്കമാണ് സാദിഖലി തങ്ങളുടെ നേതൃത്വത്തില്‍ നടക്കുന്നത്. ഖാസി ഫൗണ്ടേഷന്‍ എന്ന പേരില്‍ സ്വതന്ത്ര സംഘടന രൂപീകരിച്ച് സമസ്തയുടെ പ്രാദേശിക പ്രവര്‍ത്തനങ്ങളില്‍ വിള്ളലുണ്ടാക്കുകയാണ് ഇതിന് പിന്നില്‍ ലീഗ് ലക്ഷ്യമിടുന്നത് എന്ന ആരോപണം ഉണ്ട്. മുസ്ലിം സംഘടനകളെ ഏകോപിപ്പിക്കുക എന്ന ലീഗിന്റെ പ്രഖ്യാപിത നിലപാടിന് പകരം ഭിന്നിപ്പിക്കുകയാണ് ലീഗ് ചെയ്യുന്നത് എന്ന് ശക്തമായ വിമര്‍ശനം ഉയര്‍ന്ന് കഴിഞ്ഞു. വാഫി, വാഫിയ്യ സി.ഐ.സി കോളജുകളുമായി ബന്ധപ്പെട്ട തീരുമാനം അട്ടിമറിച്ചത് സാദിഖലി തങ്ങളുടെ നേതൃത്വത്തിലാണ് എന്നാണ് സമസ്ത നേതൃത്വം ആരോപിക്കുന്നത്. സമസ്തയിലെ തന്നെ പ്രമുഖരായ എം.സി മായിന്‍ ഹാജിയെ മുന്‍നിര്‍ത്തിയാണ് ലീഗിന്റെ പ്രവര്‍ത്തനം.
എന്നാല്‍ ഇതിനെ ഏത് വിലകൊടുത്തും നേരിടാന്‍ സമസ്ത നേതൃത്വം തീരുമാനം കൈകൊണ്ടതായാണ് വിവരം. പാണക്കാട് തങ്ങന്മാർ നേതൃത്വം നല്‍കുന്ന മഹല്ലുകളുടെ യോഗം ഉടന്‍ സമസ്ത നേരിട്ട് വിളിച്ച് ചേര്‍ക്കുമെന്ന് ഉന്നത സമസ്ത നേതാവ് വ്യക്തമാക്കി.
ലീഗ് നേതാക്കളായ സാദിഖലി ശിഹാബ് തങ്ങള്‍, പിഎംഎ സലാം, ആബിദ് ഹുസൈന്‍ തങ്ങള്‍ എന്നിവരാണ് നിലവിലെ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും ലീഗ് നേതൃയോഗങ്ങള്‍ നടക്കുന്നില്ലെന്നും കൂടിയാലോചനയില്ലാത്ത പ്രവര്‍ത്തനങ്ങള്‍ പാര്‍ട്ടിയെ തകര്‍ക്കുമെന്നും ഉന്നത ലീഗ് നേതാവ് വ്യക്തമാക്കി. തെരഞ്ഞെടുപ്പ് ആസന്നമായിട്ടും വിഭാഗീയത വളര്‍ത്താന്‍ നടക്കുന്നവര്‍ക്ക് പാര്‍ട്ടിയുടെ സംഘടനാശാസ്ത്രത്തെ കുറിച്ച് ഒന്നുമറിയില്ലെന്ന് പൊന്നാനി മണ്ഡലത്തിലെ ഉന്നത ലീഗ് നേതാവ് പ്രതികരിച്ചു.
പാണക്കാട് ഫൗണ്ടേഷനുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ തെരഞ്ഞെടുപ്പ് കഴിയും വരെ നിര്‍ത്തിവച്ച് പ്രശ്നം പരിഹരിക്കാന്‍ സ്ഥാനാര്‍ഥികളുടെ നേതൃത്വത്തില്‍ നീക്കം ശക്തമായി നടക്കുന്നുണ്ട്.
അതിനിടെ സമസ്ത ഇ.കെ, എപി വിഭാഗങ്ങളുമായി കൂടിയാലോചിച്ച് സമ്മതനായ സ്ഥാനാര്‍ഥിയെ പൊന്നാനി, മലപ്പുറം, കോഴിക്കോട് മണ്ഡലങ്ങലില്‍ നിര്‍ത്താന്‍ സിപിഎം ശക്തമായ നീക്കങ്ങള്‍ തുടരുകയാണ്.
പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഇടത് വലത് മുന്നണികളില്‍ ആര് ജയിച്ചാലും ദേശീയ തലത്തില്‍ ഒരു മുന്നണിയില്‍ ആയിരിക്കും എന്നതിനാല്‍ കടുത്ത സിപിഎം വിരോധികളും അനുകൂലിക്കുമെന്നാണ് വിലയിരുത്തല്‍. ശരാശരി ഒരു വാര്‍ഡില്‍ നിന്ന് 100 വോട്ട് വീതം ലീഗിന്റെ സ്ഥിരം വോട്ടര്‍മാരായ സമസ്തക്കാരുടെത് നേടാനായാല്‍ ഓരോ നിയമസഭാ മണ്ഡലങ്ങളിലും 15000 വീതം വോട്ട് നേടാനാവും എന്നാണ് ഇടത് വിലയിരുത്തല്‍. ഇതിന് ഒരുപഞ്ചായത്തില്‍ നിന്ന് ശരാശരി 2000 വോട്ട് മതിയാകും. മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി, താനൂര്‍, തിരൂര്‍, കോട്ടക്കല്‍, തവനൂര്‍, പൊന്നാനി, പാലക്കാട് ജില്ലയിലെ തൃത്താല എന്നീ നിയമസഭാമണ്ഡലങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് പൊന്നാനി ലോകസഭാ നിയോജകമണ്ഡലം. 15000 വോട്ട് വീതം ഓരോ നിയമസഭാ മണ്ഡലത്തില്‍ നിന്നും ശേഖരിക്കാനായാല്‍ ഏഴ് നിയസഭാ മണ്ഡലത്തില്‍ നിന്നും ഒരുലക്ഷം വോട്ട് സമാഹരിക്കല്‍ ബുദ്ധിമുട്ടില്ല. ഈ വോട്ടുകള്‍ ലീഗിന്റെ തന്നെ വോട്ടുകളായതിനാല്‍ ലഭിച്ചവോട്ടുകുറയുകയും എതിരാളിക്ക് പോള്‍ ചെയ്യപ്പെടുകയും ചെയ്യുമ്പോള്‍ ഇരട്ടപ്രഹരമാണ് ഏല്‍ക്കുക. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് തരംഗത്തില്‍ 1,93,230 ലീഡ് ഇ ടി മുഹമ്മദ് ബഷീറിന് നേടാനായെങ്കിലും 2014ല്‍ 25,410 വോട്ട് മാത്രമാണ് ലീഡ്. 2009ല്‍ 80,000ലധികം ലീഡ് ഉണ്ട്. ഇത് മറിച്ചിടാന്‍ ശക്തമായ പ്രചാരണം നടത്തിയാല്‍ മതിയെന്നാണ് ഇടത് കണക്ക് കൂട്ടല്‍.
മലപ്പുറം മണ്ഡലത്തിലെ അവസ്ഥയും മറിച്ചല്ല. 2019ലെ പൊതു തെരഞ്ഞെടുപ്പില്‍ പി.കെ കുഞ്ഞാലിക്കുട്ടി 1,71,038 വോട്ടുകളാണ് ലീഡ് നേടിയത്.എന്നാല്‍ 2021ലെ ഉപതെരഞ്ഞെടുപ്പില്‍ എം.പി അബ്ദുസ്സമദ് സമദാനിക്ക് ലീഡ് 1,14,615ലേക്ക് താഴ്ന്നു. ഇത് മറി കടക്കാന്‍ കേവലം 60,000 വോട്ട് ലീഗിന്റെ കുറ്റിവോട്ടുകളില്‍ നിന്ന് മറിച്ചിട്ടാല്‍ മതി. ഇത് നിഷ്പ്രയാസം സാധിക്കുമെന്നാണ് വിലയിരുത്തല്‍.
രാഹുല്‍ തരംഗത്തില്‍ കഴിഞ്ഞതവണ യുഡിഎഫിന് ലഭിച്ച ആനുകൂല്യം ഇത്തവണ പ്രതീക്ഷിക്കേണ്ടതില്ല. സമസ്തയുമായുള്ള പ്രശ്നങ്ങളും, രാമക്ഷേത്രം അടക്കമുള്ളവയില്‍ ചന്ദ്രികയുടെയും സാദിഖലി തങ്ങളുടെയും നിലപാടും, ഇടത് മുന്നണിയിലേക്ക് ചേക്കാറാനുള്ള നീക്കത്തിലും മൂന്നാം സീറ്റിനായുള്ള പിടിവാശിയിൽ കോൺഗ്രസിനുള്ള അതൃപ്തിയും നിഷേധ വോട്ടുകളായി മാറുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.
സമസ്തയും ലീഗും തമ്മില്‍ ഇതിന് മുമ്പും അസ്വാരസ്യങ്ങള്‍ ഉണ്ടായിട്ടുണ്ടെണ്ടെങ്കിലും അവയെല്ലാം പാണക്കാട് നേതൃത്വം പരിഹരിക്കാറായിരുന്നു പതിവ്. എന്നാല്‍ സാദിഖലി തങ്ങള്‍ നേതൃത്വത്തില്‍ വന്നതോട് കൂടിയാണ് ലീഗ് കൂടുതല്‍ അകന്നത് എന്ന് വിലയിരുത്തപ്പെടുന്നു. അതിനാല്‍ തെരഞ്ഞെടുപ്പിന് മുമ്പുള്ള സംയുക്ത പ്രസ്താവനകളിൽ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ കാലം വരെ ഉണ്ടായിരുന്ന തൊലിപ്പുറത്തെ ചികിത്സ ഏശില്ല എന്ന് വേണം കരുതാന്‍. ഇത് ലീഗിന് എന്നെന്നേക്കുമുള്ള മറുപടി ആയി അവശേഷിക്കുമെന്ന് തീര്‍ച്ച.