സമ്മേളനത്തിൽ നിന്ന് സമസ്ത യുവജന നേതാക്കളെ ഒഴിവാക്കിയത് സ്വാദിഖലി തങ്ങളുടെ പിടിവാശി കാരണമെന്ന് സമസ്ത പ്രവർത്തകർ.
മലപ്പുറം : സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ പ്രധാന വിദ്യാഭ്യാസ സ്ഥാപനമായ പട്ടിക്കാട് ജാമിയ നൂരിയ അറബിക് കോളേജിന്റെ വാർഷിക സമ്മേളനത്തിൽ നിന്നും സമസ്ത യുവജന നേതാക്കളെ ഒഴിവാക്കിയതിനെതിരെ സമസ്ത പ്രവർത്തകരുടെ ഭാഗത്ത് നിന്നും കടുത്ത പ്രതിഷേധം ഉയരുന്നു.
പാണക്കാട് സ്വാദിഖലി ശിഹാബ് തങ്ങളുടെ ഇടപെടൽ മൂലമാണ് ഇത്തരത്തിൽ സമസ്തയുടെ യുവജന നേതാക്കളെ വെട്ടി മാറ്റിയത് എന്നാണ് പ്രവർത്തകരുടെ ആക്ഷേപം. ഈ അടുത്തകാലത്തായി നടന്ന വിവാദങ്ങളിലെല്ലാം സമസ്തയുടെ നിലപാടുകൾക്കൊപ്പം ഉറച്ചുനിന്ന യുവ നേതാക്കളാണ് ഇത്തവണ പട്ടിക്കാട് ജാമിഅ നൂരിയ അറബിക് കോളേജിന്റെ വാർഷിക സമ്മേളനത്തിൽ നിന്നും പുറത്തായത് . 'എസ്കെഎസ്എസ്എഫ് സംസ്ഥാന ജനറൽ സെക്രട്ടറി റഷീദ് ഫൈസി വെള്ളായിക്കോട്, എസ് വൈ എസ് സംസ്ഥാന വർക്കിംഗ് സെക്രട്ടറി അബ്ദുൽഹമീദ് ഫൈസി അമ്പലക്കടവ്, മുസ്തഫ മാസ്റ്റർ മുണ്ടുപാറ, സലാഹുദ്ദീൻ ഫൈസി വല്ലപ്പുഴ' എന്നിവരെയാണ് സമ്മേളനത്തിൽ നിന്നും മാറ്റി നിർത്തിയത്. എന്നാൽ സമസ്ത പ്രവർത്തകരുടെ ഭാഗത്തുനിന്നും കടുത്ത പ്രതിഷേധമാണ് ഇതിനെതിരെ ഉണ്ടായിക്കൊണ്ടിരിക്കുന്നത് സോഷ്യൽ മീഡിയയിലും മറ്റും സ്വാദിഖലി ശിഹാബ് തങ്ങൾക്കും ജാമിഅ നൂരിയ്യ കമ്മിറ്റിക്കുനെതിരെ പ്രവർത്തകർ കടുത്ത ഭാഷയിൽ തന്നെ വിമർശനം ഉന്നയിക്കുന്നു. "ഇസ്ലാം ഹറാം ആക്കിയ പലിശയുടെ കൈകാര്യ കർത്താവായ" അബ്ദുൽ ഹമീദ് എംഎൽഎ യും ഇത്തരത്തിൽ സമസ്ത യുവ നേതാക്കളെ മാറ്റിനിർത്താൻ ഇടപെട്ടുവെന്ന് പ്രവർത്തകർ ആരോപിക്കുന്നു.
സമസ്ത നേതാക്കളെ മാറ്റിനിർത്തിയതിൽ പ്രതിഷേധിച്ച് കാസർകോട് നടത്താനിരുന്ന ജാമിയ നൂരിയ ഫെസ്റ്റ് മാറ്റിവെച്ചതായി സംഘാടകർ അറിയിച്ചു. അതുപോലെ ദുബായ് സ്റ്റേറ്റ് എസ്കെഎസ്എസ്എഫ് കമ്മറ്റിയും ഇതിനെതിരെ ശക്തമായ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. നാളെ നടക്കാനിരിക്കുന്ന സമസ്ത മുശാവറയിലും ഈ വിഷയം ചർച്ചയാകും എന്ന് അനുമാനിക്കപ്പെടുന്നു. എന്നാൽ ഇതുവരെ സമസ്തയുടെ നേതൃത്വത്തിൽനിന്നും ഇതിനെതിരെ പ്രതികരണമൊന്നും വന്നിട്ടില്ല.
സി.ഐ.സി യെ സംബന്ധിച്ച വിവാദത്തിൽ അടക്കം സമസ്ത നേതൃത്വത്തിന്റെ നിലപാടുകളോടൊപ്പം ആയിരുന്നില്ല പണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ നിലപാട്. ഇതിലും സമസ്തപ്രവർത്തകർ കടുത്ത അതൃപ്തിയിലാണ്.
മുസ്ലിംലീഗിന്റെ ഒട്ടുമിക്ക എംഎൽഎമാർക്കും സമ്മേളനത്തിലേക്ക് ക്ഷണമുണ്ട്. എന്നാൽ സമസ്ത നേരിട്ട് നടത്തുന്ന സ്ഥാപനത്തിൻറെ സമ്മേളനത്തിൽ സമസ്തയുടെ നേതാക്കളെ ഒഴിവാക്കിയത് വരും ദിവസങ്ങളിൽ കൂടുതൽ വിവാദങ്ങൾക്ക് കാരണമായേക്കും. സമ്മേളനത്തിന്റെ സ്വാഗത സംഘമാണ് സമ്മേളനത്തിൽ പങ്കെടുക്കേണ്ടവരെ തീരുമാനിക്കുന്നതെന്ന് പറയപ്പെടുമ്പോഴും , സ്വാദിഖലി തങ്ങളുടെ നിർദേശപ്രകാരമാണ് ഇത്തരത്തിൽ സമസ്തയുടെ നിലപാടുകൾക്കൊപ്പം എന്നും ഉറച്ച് നിന്ന നേതാക്കളെ സമ്മേളനത്തിൽ നിന്നും ഒഴിവാക്കിയതെന്നാണ് ലഭിക്കുന്ന വിവരം .