പിണറായി മന്ത്രിസഭയിൽ കാര്യ പ്രാപ്തിയുള്ള മന്ത്രിമാരുടെ എണ്ണമെടുത്താൽ തുച്ഛമായിരിക്കുമെന്ന് പറഞ്ഞാൽ അതൊരു തെറ്റാവില്ല.
എന്നാൽ നാട്ടിൽ നടക്കുന്ന കാര്യങ്ങളെ കുറിച്ച് വായിച്ചോ കേട്ടോ അറിവില്ലാത്ത മന്ത്രിമാർ വരെ ആ മന്ത്രിസഭയിൽ ഇടം പിടിച്ചത് എങ്ങിനെയന്നതെന്ന് അത്ഭുതമുളവാക്കുന്നു.
മുസ്ലിം ന്യൂനപക്ഷത്തെ പ്രതിനിധീകരിച്ചു ഇടതുപക്ഷ സർക്കാരിൽ മന്ത്രിസ്ഥാനം ലഭിച്ച വ്യക്തിയാണ് താനൂരിലെ എം എൽ എ വി. അബ്ദുറഹ്മാൻ.
നമ്മുടെ നാട്ടിലെ സാമൂഹിക രാഷ്ട്രീയ പൊതു വിഷയങ്ങളിൽ കൃത്യമായൊരു ധാരണയോ പരിജ്ഞാനമോ ഇല്ലാത്ത ഇയാളെ ന്യൂനപക്ഷ പ്രാതിനിധ്യത്തിൽ മന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചത് തന്നെ സിപിഎമ്മിനും അബ്ദുറഹ്മാനും മനസ്സിൽ ലഡു പൊട്ടി എന്നൊരു പ്രതീതിയാണ് ഉണ്ടാക്കിയതെന്ന് പറയാതെ വയ്യ.
പരിചിതരായ പ്രഗൽഭ്യമുള്ള പിടിഎ റഹീമിനെ പോലെയുള്ളവരെ പുറത്തു നിറുത്തിയിട്ടാണ് അന്ന് അബ്ദുറഹ്മാനെ പോലെയുള്ള ഒരു അരിപ്രാഞ്ചിയെ ന്യൂനപക്ഷ വകുപ്പും കൂടി ചേർത്ത് സിപിഎം ഒരു കാബിനറ്റ് കസേര നൽകിയത്. പാർട്ടിക്ക് ഇഷ്ടമുള്ളത്ര സ്റ്റാഫുകളെ പോസ്റ്റി പാർട്ടി കേന്ദ്രങ്ങളിൽ നിന്ന് വിളിച്ചു പറയുന്ന കാര്യങ്ങൾക്ക് ഒരു മൂങ്ങയുടെ പ്രതീതിയോടെ നോക്കി നിൽക്കാനുള്ള പരിചയ സമ്പത്ത് പാർട്ടിക്ക് മുൻപിൽ തെളിയിച്ചത് കൊണ്ടു കൂടിയാണ് ഈ മന്ത്രി പണിയെന്നത് സാമാന്യ രാഷ്ട്രീയ കാഴ്ചപ്പാടുള്ളവർക്ക് എല്ലാം ബോധ്യപെടുന്നതാണ്.
നിലവിൽ മന്ത്രി എത്തി നിൽക്കുന്ന വിവാദ പരാമർശം പോലും കൃത്യമായി മന്ത്രിക്ക് ധാരണയില്ലാത്ത വിഷയമാണെന്ന് അദ്ദേഹത്തെ നോക്കി കാണുന്നവർക്ക് അറിയുന്നതാണ്. സമസ്തയിലെ യുവജന നേതാവും സംഘടനയിലെ കരുത്തനുമായ അമ്പലക്കടവ് ഹമീദ് ഫൈസി ക്രിസ്തുമസ് ആഘോഷങ്ങളുമായി ബന്ധപ്പെട്ട് സമുദായ വിശ്വാസികളെ ഉണർത്തി മറ്റു മത ആചാരങ്ങൾ പിന്തുടരുന്നതിലെ അപകടങ്ങളെ ബോധ്യപ്പെടുത്തി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വാക്കുകളെ തെറ്റായി വ്യാഖ്യാനിച്ചു സംസ്ഥാനത്തെ ഒരു മന്ത്രി ന്യൂനപക്ഷ ദിനാചരണത്തിന്റെ ഭാഗമായി നടത്തിയ സർക്കാർ പരിപാടിയിൽ ഈ പണ്ഡിതനെ ജയിലിൽ അടക്കണമെന്ന് പ്രസംഗിക്കുകയും മാധ്യമങ്ങൾ അത് ഏറ്റ് പിടിക്കുകയും ചെയ്തതോടെയാണ് സമസ്തയുടെ കീഴ് ഘടകങ്ങളും പ്രവർത്തകരും മന്ത്രിക്ക് എതിരെ തിരിഞ്ഞിരിക്കുന്നത്.
കെസിബിസി യുടെ ക്രിസ്തുമസ് ആഘോഷങ്ങളുടെ ഭാഗമായി ലീഗ് പ്രസിഡണ്ടും നിരവധി മുസ്ലിം മഹല്ലുകളുടെ ഖാളിയുമായ സാദിഖലി തങ്ങളുടെ കേക്ക് മുറിക്കൽ വിവാദം കത്തി നിൽക്കുന്ന ഘട്ടത്തിലായിരുന്നു അമ്പലക്കടവ് ഫൈസിയുടെ ക്രിസ്തുമസ് ആഘോഷങ്ങളിൽ മുസ്ലിം വിശ്വാസികളെ ജാഗ്രത കാണിക്കേണ്ട ഫേസ്ബുക്ക് പോസ്റ്റ് വരുന്നത്. സ്വാഭാവികമായും ലീഗ് സൈബർ പോരാളികളും ലീഗിനോട് വിധേയത്വരായ സമസ്തയിലെ കുറച്ചാളുകളും അത് സാദിഖലി തങ്ങൾക്ക് എതിരെയുള്ള നീക്കമായി വ്യാഖ്യാനിക്കപ്പെടുകയും, അമ്പലക്കടവ് ഫൈസിക്ക് എതിരെ നീങ്ങുകയും ചെയ്ത് കൊണ്ടിരിക്കുന്ന ഘട്ടത്തിലാണ് മന്ത്രി അബ്ദുറഹ്മാൻ ആ വിവാദത്തിൽ പോയി തലയിട്ട് കുടുങ്ങിയിരിക്കുന്നത്.
സാധാരണ ഗതിയിൽ സമസ്തയിലെ പാരമ്പര്യ വാദ നിലപാടുകൾക്ക് വേണ്ടി ശക്തമായി നില കൊള്ളുകയും നവ സലഫി മൗദൂദി തീവ്ര ചിന്താഗതികളോട് ശക്തമായി കലഹിച്ചു പോരുകയും ചെയ്യുന്ന നേതാവാണ് അമ്പലക്കടവ് ഫൈസി.
തൊണ്ണൂറുകളിൽ മുസ്ലിം സമുദായത്തിൽ തലപൊക്കി തുടങ്ങിയ എൻ ഡി എഫ് പോലെയുള്ള തീവ്ര സ്വഭാവമുള്ള സംഘടനക്ക് എതിരിൽ ആ കാലത്ത് തന്നെ ശക്തമായി പ്രതികരിക്കുകയും പുസ്തകം എഴുതുകയും ചെയ്ത നേതാവാണ് അമ്പലക്കടവ് ഫൈസി.
മുസ്ലിം ലീഗ് പോലും എൻ ഡി എഫിനെ തിരിച്ചറിയുന്നതിൽ വൈകിയ ഘട്ടത്തിലായിരുന്നു ഫൈസിയുടെ നേതൃത്വത്തിലുള്ള എസ് കെ എസ് എസ് എഫ് അന്ന് തീവ്ര നിലപാടുകാർക്കെതിരെ ഇറങ്ങി തിരിച്ചത്. ആ കാലയളവിൽ ഇന്ന് എൻ ഡി എഫിനെ എതിർക്കപെടുന്ന പലരിൽ നിന്നും അതിന്റെ പേരിൽ വിമർശനം ഏറ്റു വാങ്ങേണ്ടി വന്ന ഒരു നേതാവാണ് ഫൈസി.
മത ആചാരങ്ങളിലും അനുഷ്ടാന കർമ്മങ്ങളിലും പാരമ്പര്യ പൂർവിക പണ്ഡിത നേതൃത്വത്തിന്റെ വഴിയിൽ സഞ്ചരിക്കുന്ന സ്വഭാവക്കാരനായ അമ്പലക്കടവ് സമുദായത്തിൽ കടന്നു കയറുന്ന ഇതര മത ആചാരങ്ങൾക്കെതിരെ ശക്തമായി സമുദായത്തെ ഉണർത്തുന്ന കീഴ്‌വഴക്കമാണ് പുലർത്തി പോരുന്നത്.
സമസ്തയിൽ സിപിഎമ്മിനോട് കൂടുതൽ അനുകമ്പ പുലർത്തുന്ന നേതാവായിട്ട് സംഘടനക്കുള്ളിൽ തന്നെ വിമർശനം ഏറ്റുവാങ്ങുന്ന വ്യക്തിയാണ് ഫൈസി. രാഷ്ട്രീയ ഭേദമന്യ അദ്ദേഹം സ്വീകരിക്കുന്ന ഇത്തരം മത കാർക്കശ്യം ലീഗ് സി പിഎം വിഭാഗങ്ങളിൽ നിന്ന് ഒരുപോലെ വിമർശനം ഉണ്ടാവാറുള്ളതാണ് വസ്തുത.
നിലവിൽ സിപിഎം ലീഗ് ബന്ധത്തിൽ രൂപപ്പെട്ട ശക്തമായ സൗഹൃദം ഉപയോഗിച്ചു ലീഗിലെ സിപിഎം കേന്ദ്രങ്ങൾ മന്ത്രിയെ സ്വാധീനിച്ചു നടത്തിയ നീക്കമായും വിശ്വസിക്കുന്ന സമസ്തയിലെ വലിയൊരു വിഭാഗം പ്രവർത്തകരും നേതാക്കളുമുണ്ട്. ലീഗിന് നിലവിൽ ശക്തമായ വിലങ്ങു തടിയാണ് ഹമീദ് ഫൈസിയെന്ന് ലീഗ് നേതൃത്വം വിശ്വസിക്കുന്നുണ്ട്. ഭാവിയിൽ ഇടതുപക്ഷവുമായുള്ള ഒരു അലൈൻമെന്റ് ലീഗ് രൂപപ്പെടുത്തുന്ന പക്ഷം സമസ്തയിലെ ലീഗിന്റെ അപ്രമാദിത്വത്തിന് കീഴ്‌പെടാത്ത അമ്പലക്കടവ് ഫൈസി അടക്കമുള്ളവർ ഏത് രീതിയിൽ രംഗത്ത് വരുമെന്നതും ലീഗിനെ അലട്ടുന്നുണ്ട്.