സ്കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനം സർക്കാരിൻ്റെ പ്രഥമ പരിഗണനാ വിഷയങ്ങളിൽ ഒന്ന് : മന്ത്രി വി ശിവൻകുട്ടി
സംസ്ഥാനത്തെ സ്കൂളുകളിലെ അടിസ്ഥാന സൗകര്യ വികസനം സംസ്ഥാന സർക്കാരിന്റെ പ്രഥമ പരിഗണനാ വിഷയങ്ങളിൽ ഒന്നാണെന്ന് പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ആന്തട്ട ഗവ. യു പി സ്കൂളിൻ്റെ പുതിയ കെട്ടിടത്തിൻ്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
വിദ്യാർത്ഥികൾക്ക് അനുയോജ്യമായ പഠനാന്തരീക്ഷം പ്രദാനം ചെയ്യുന്നതിൽ പ്രത്യേക ഊന്നൽ നൽകിക്കൊണ്ട് വിദ്യാലയങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് സർക്കാർ കാര്യമായ ശ്രമങ്ങൾ നടത്തിയിട്ടുണ്ട്. സ്കൂളുകൾക്ക് മതിയായ ക്ലാസ് മുറികളും സൗകര്യങ്ങളും ഉണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി സ്കൂൾ കെട്ടിടങ്ങളുടെ നിർമ്മാണവും നവീകരണവും സർക്കാർ ഏറ്റെടുത്തിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
ഏഴു വർഷം കൊണ്ട് 3800 കോടിയുടെ വികസനമാണ് പൊതുവിദ്യാഭ്യാസ മേഖലയിൽ ഉണ്ടായത്.സ്‌കൂളുകളിൽ ഡിജിറ്റൽ ക്ലാസ്‌റൂം നടപ്പിലാക്കുന്നതിൽ കേരളം മുൻപന്തിയിലാണെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. ഹൈടെക് സ്കൂൾ പദ്ധതിക്ക് കീഴിൽ, ഡിജിറ്റൽ പഠനം സുഗമമാക്കുന്നതിന് സ്കൂളുകളിൽ ഇന്ററാക്ടീവ് സ്മാർട്ട് ബോർഡുകൾ, കമ്പ്യൂട്ടറുകൾ, പ്രൊജക്ടറുകൾ, ഇന്റർനെറ്റ് കണക്റ്റിവിറ്റി എന്നിവ സജ്ജീകരിച്ചിട്ടുണ്ട്.
പഠനാന്തരീക്ഷം മെച്ചപ്പെടുത്തുകയും കേരളത്തിലെ വിദ്യാർത്ഥികൾക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പ് വരുത്തുമാനുമുള്ള ശ്രമങ്ങൾ സർക്കാർ തുടരുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കാനത്തിൽ ജമീല എം എൽ എ അധ്യക്ഷത വഹിച്ചു. കെ എസ് സി എ ഡി സി റീജിയണൽ മാനേജർ പി കെ രഞ്ജിനി റിപ്പോർട്ട് അവതരിപ്പിച്ചു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി ബാബുരാജ്, കോഴിക്കോട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എം പി ശിവാനന്ദൻ, ചെങ്ങോട്ട്കാവ് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി വേണുമാസ്റ്റർ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയപേഴ്സൺ ബിന്ദു മുതിരക്കണ്ടത്തിൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം ഇ കെ ജൂബീഷ്, പഞ്ചായത്ത് അംഗങ്ങളായ സുധ കാവുങ്കൽ പൊയിൽ, സുധ എം, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ഗിരീഷ് കുമാർ എ പി, കെ എസ് സി എ ഡി സി ഡയറക്ടർ ബോർഡ് അംഗം ഹാരിസ്, പി ടി എ പ്രസിഡൻ്റ് എ ഹരിദാസ് തുടങ്ങിയവർ സംബന്ധിച്ചു. ചെങ്ങോട്ട്കാവ് പഞ്ചായത്ത് പ്രസിഡൻ്റ് ഷീബ മലയിൽ സ്വാഗതവും പ്രധാനാധ്യാപകൻ എം ജി ബൽരാജ് നന്ദിയും പറഞ്ഞു.